ഏഴിലംപാലയും മഴയും
നിനക്കോർമ്മയില്ലേ ഞാനും ഒരുനാൾ നിന്നിലേക്ക് പെയ്തിറങ്ങിയത്? എന്റെ മഷിത്തണ്ടിൽ വിരിഞ്ഞ വർണ്ണധനുസ്സിലേയ്ക്ക് നിന്റെ ഗൗരങ്ങൾ ദലങ്ങളായ് വിടർന്നത്? നിന്റെ ശിഖരങ്ങൾ എന്റെ തണുപ്പിൽ കുളിരണിഞ്ഞത്? നിന്നിലെ മാതൃത്വം എന്നാൽ തളിർത്തത്? നിന്റെ ദേഹവും ദേഹിയും ഈറനണിഞ്ഞപ്പോൾ സുഖം തേടി യക്ഷിപ്പെണ്ണുങ്ങൾ ചേക്കേറിയത്? ഓർമ്മയില്ലേ ഇക്കഴിഞ്ഞ ഗ്രീഷ്മത്തിലും നീയെനിക്കായ് കാംക്ഷിച്ചത്? നിന്റെ വേരുകൾ ഒടുവിലത്തെ ഉറവയും തേടിയലഞ്ഞത്? നിന്റെ സപ്തപർണ്ണങ്ങളും പിണങ്ങി വാടിയത്? നിന്റെ പാലരുവികൾ വറ്റിവരണ്ടത്? ഒടുവിൽ കാലുകൾക്കു കീഴെ ഭൂമി വിണ്ടപ്പോൾ, നിന്റെ നിഴലിൽ സ്വയം മുഖം പൊത്തി പഴയ പറമ്പിൻ കയ്യാലയതിർത്തിയിൽ നിനക്കു ചുറ്റും തളിർത്ത, കായ്ച്ച പച്ചയുടെ ഗതകാല നിനവുകളിൽ പൂണ്ട് ഏകയായ് നീ സന്ധ്യകളിലേക്ക് തളർന്നുറങ്ങിയപ്പോൾ നിന്റെ മാധവ സ്വപ്നങ്ങളിൽ ഞാൻ നേർത്ത നനവായ് പൊഴിഞ്ഞത്? കാലം തെറ്റി. കാലചക്രവും ഓടിത്തളർന്നു. എന്റെ ഓർമ്മകളിൽ നീ വിങ്ങിയോ എന്നറിയില്ല കാത്തിരിക്കാതെ നീയും പിൻഗമിക്കവേ, ഒടുവിലത്തെ പച്ചയും നിശാസൗരഭവും മഴുവിനു മുന്നിൽ നീ അടിയറവു വെക്കുമ്പോൾ ഞാനും മടിക്കുന്നു,...